Tuesday, 12 August 2014

 കുപ്പി വളകൾ ഉടയുമ്പോൾ............
               
                                പൂന്തേൻ നുകരുന്ന പൂമ്പാറ്റയും, മരച്ചില്ലയുടെ മറവിലൊളിക്കുന്ന സൂര്യനും,  വറ്റികൊണ്ടിരിക്കുന്ന പുഴയും......ഇങ്ങനെ ഒരോ ദൃശ്യങ്ങളും         ക്യാമറകണ്ണിൽ കുടുങ്ങിയപ്പോൾ....... അവയുടെ പ്രദർശനം കാണാൻ    പോയതായിരുന്നു ഞങ്ങൾ. പെട്ടെന്നായിരുന്നു എന്റെ  കണ്ണുകൾ ഏതോ ഒരു ചിത്രത്തിലുടക്കിയത്‌. എന്തൊ മറ്റൊന്നിലേക്കും ശ്രദ്ദിക്കാനാവാത്ത വിധം ആ ദൃശ്യം എന്നെ നിസ്സഹായയാക്കി. നല്ല ചുവപ്പും,  പച്ചയും വർണ്ണങ്ങളുള്ള കുപ്പിവളകൾ നിലത്തു വീണുടയുന്ന ഒരു കാഴ്ച്‌. തീർച്ചയായും ക്യാമറയുടെ എല്ലാ സാങ്കേതികവശങ്ങളും   ഉപയോഗപ്പെടുത്തി ഒരു പ്രതിഭ പകർത്തിയ ചിത്രം. ഇത്രയും ആകർഷിക്കുവാൻ മാത്രം ഇതിലെന്താണുള്ളത്‌? മനസ്സ്‌ ചൊദിച്ചു കൊണ്ടിരുന്നു. ചിലപ്പൊൾ ആ   കലാകാരന്റെ കഴിവിൽ മതിമറന്നിട്ടാകണം. ഇങ്ങനെ ഞാൻ തന്നെ എന്റെ ചൊദ്യങ്ങൾക്കുത്തരം കണ്ടുപിടിച്ചു കൊണ്ടിരുന്നപ്പൊഴും, മനസ്സിനു വല്ലാത്തൊരസ്വസ്ഥത.
                 
                 "ഇങ്ങനെ ഒത്തിരി കുപ്പിവളകൾ ഇന്ന് ഉടഞ്ഞുകൊണ്ടിരിക്കുകയല്ലേ?" സംശയങ്ങൾക്ക്‌ വിരാമമിട്ടു        കൊണ്ടു ആ ചൊദ്യം    എന്നെ പുതിയ എന്നാൽ പണ്ടു മുതൽക്കേ ഉള്ള ഒരു സമസ്യയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. തീർച്ചയായും വർണ്ണവും, കുസൃതിയും, സ്നേഹവും    നിറഞ്ഞ ഒരുപാട്‌ കുപ്പിവളകൾ ഇന്ന്   ഉടഞ്ഞുകൊണ്ടിരിക്കുന്നു.
               
                  ഇടവഴികളിലും, തിരക്കേറിയ പട്ടണങ്ങളിലും, ബസ്സുകളിലും എന്തിനു വീടുകളിൽ പൊലും ഇത്തരം വർണ്ണ കുപ്പിവളകളുടെ നേരെ കൈകളുയരുന്നു. തെളിഞ്ഞ ആകാശം കണക്കെ ശോഭിച്ചിരുന്ന സംസ്കാരത്തിനു മേൽ  അന്ധകാരത്തിന്റെ മറവന്ന് വീണിരിക്കുന്നു.അവിടെ  ഇന്ന്  പോർ വിളികളും,അലമുറയും,അട്ടഹാസവും നിറയുന്നു.
               
                 തലമുറകൾക്ക്‌ ജന്മം നൽകുന്നതിലൂടെ ഒരു സമൂഹത്തിന്റെ പ്രധാനഭാഗമാവുന്ന സ്ത്രീകൾ ഇന്ന് ആർക്കും ഉടയ്ക്കാവുന്ന എടുത്തണിഞ്ഞ്‌ ഊരികളയാവുന്ന കുപ്പിവളകളായിരിക്കുന്നു. അവയുടെ കിലുക്കത്തിന്റെ സ്നേഹവും, കുസൃതിയും തിരിച്ചറിയാനാവാതെ,മനസ്സിലാക്കാൻ ശ്രമിക്കാതെ ഒരു വിഭാഗം കാട്ടു ചെന്നായ്ക്കൾ കുപ്പിവളകളെ തേടിപ്പിടിച്ച്‌ ഉടയ്ക്കുന്നു, കളയുന്നു.

                  തീർച്ചയായും ഇത്തരം അനീതികൾക്കെതിരെ പ്രക്ഷോഭമുയർന്നിട്ടുണ്ട്‌. എന്നാൽ അവയെല്ലാം   മാധ്യമങ്ങളുടെ എക്സ്‌ക്ലുസീവ്‌  (exclusive) വാർത്തകൾക്ക്‌ വേണ്ടിയാണെന്നു മാത്രം, ഒരാഴ്ചയോ അതിനപ്പുറമോ മാത്രം ആയുസ്സുള്ള പാഴ്‌ പ്രകടനങ്ങൾ.
     
                ഇങ്ങനെ പ്രകടനങ്ങൾ യുദ്ധങ്ങൾക്ക്‌ കലാശക്കൊട്ടെന്ന പോലെ നടത്തുമ്പോൾ നാം മനസ്സിലാക്കേണ്ട ഒരു കര്യമുണ്ട്‌ സ്ത്രീ ജനത കൈവരിച്ച സ്വാതന്ത്ര്യവും ഇതിനോടൊപ്പം മണ്ണിലമരുകയാണു.

                ചർച്ചകളും സമരങ്ങളും ഒരിക്കലും ഒരു കാലത്തും ഈ സമസ്യയ്ക്ക്‌  ഒരു പരിഹാരമാവുന്നില്ല. ഇങ്ങനെ എഴുതിവയ്ക്കുന്ന ലേഖനങ്ങളും പരിഹാരമാവുന്നില്ല. ഇവയെല്ലാത്തിന്റെയും ലക്ഷ്യം ഒന്നു മാത്രമാണു നമ്മുടെ  പ്രതിഷേധം അറിയിക്കുക, അല്ല്ലെങ്കിൽ നമ്മുടെ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടുക, അതുമല്ലെങ്കിൽ നിയമത്തെയും, നിയമ വ്യവസ്ഥയേയും പഴിക്കുക. മറുവശത്ത്‌ ഇത്തരം പ്രകടനങ്ങൾ ഒരിക്കലും ഒരു മാറ്റവും സൃഷ്ടിക്കുന്നില്ല, എന്നാൽ കോളിളക്കങ്ങൾക്ക്‌ ജന്മം നൽകുന്നുമില്ല. എന്നാൽ കുറച്ചെങ്കിലും ജനങ്ങളെ ബോധവന്മാരാക്കാൻ കഴിയുന്നുണ്ട്‌ എന്നത്‌ മാത്രമാണു ഉപയോഗം. ഇത്രയും നാളത്തെ നിരീക്ഷണങ്ങൾക്കൊടുവിൽ ഞാൻ മനസ്സിലാക്കിയ കാര്യമാണത്‌. പക്ഷെ ഇത്‌ തീരെ ചെറിയ കാര്യവുമല്ല.

എങ്കിലും കുപ്പിവളകൾ ഉടയ്ക്കുന്ന ഉടയ്ക്കാൻ തുനിയുന്ന  കൈകൾ അതാരുടേതുമാകട്ടെ  ഓർക്കുക ഈ വളപ്പൊട്ടുകൾ ഒരിക്കലും നിങ്ങളുടെ കയ്യിൽ മുറിപ്പാടുകൾ ഉണ്ടക്കാതിരിക്കില്ല. ഉടഞ്ഞ വളപ്പൊട്ടുകൾ എന്നും പ്രതിഷേധത്തിന്റെ ജ്വാലയായി ആളി പടർന്നു കൊണ്ടിരിക്കും. ആ പൊട്ടുകൾ നിങ്ങളിൽ മുറിവുകളുണ്ടാക്കുകയും  ചെയ്യും  ഓർത്തിരുന്നോളൂ................      









No comments:

Post a Comment