Thursday, 4 June 2015

     ലോകമെമ്പാടും ഇന്ന് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു , തീർച്ചയായും നമുക്കും ഇത്‌ ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള സമയമാണു . ആഗോളതാപനവും മറ്റും പ്രകൃതിയേയും പരിസ്ഥിതിയേയും  നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു കൈതാങ്ങ്‌ പോലെ .... മരം നട്ടും പ്രകൃതി/പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞും ഒരു പറ്റം കുട്ടികൾ കടമ്പൂർ  NSS യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്നു.

   "700 കോടി സ്വപ്നങ്ങൾ , ഒരേയൊരു ഗ്രഹം ,കരുതലോടെ ഉപയൊഗിക്കാം",ഉപയോഗിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു ദിനം വരുമ്പോൾ മാത്രം കൊണ്ടാടുന്ന , ചിന്തിക്കുന്ന മറ്റ്‌ പ്രശ്നങ്ങളെ പോലെയാവാതെ, ഇത്‌ നമ്മുടെയെല്ലാം തന്നെ നിലനിൽപ്പിന്റെ പ്രശ്നമാണെന്നു തിരിച്ചറിഞ്ഞു കൊണ്ട്‌ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
 "കാടെവിടെ മക്കളെ മരമെവിടെ മക്കളെ ??" എന്ന് ഒരവസരതിൽ പ്രകൃതിയെ വർണ്ണിച്ച കവികളെ കൊണ്ട്‌ നാം തിരുത്തിചോദിപ്പിച്ചു.. ഓരോ ദിനവും , ഓരോ നിമിഷവും  വികസനത്തിനു വേണ്ടി വെമ്പൽ കൊള്ളുമ്പോഴും അത്‌ സുസ്ഥിരവും പ്രകൃതിയോട്‌ / പരിസ്ഥിതിയോട്‌ ഇണങ്ങിയതുമാവണം എന്ന വസ്തുത നാം മറന്നുപോവുന്നു.
  
                          തീർച്ചയായും ഈ പരിസ്ഥിതി ദിനം നമുക്ക്‌ നമ്മുടെ  കർത്തവ്യങ്ങളെ പറ്റിയുള്ള ബോധം ഉദിപ്പിക്കാനുള്ളതാവട്ടെ ..... നിങ്ങളെയെന്ന പോലെ നിങ്ങളുടെ പരിസ്ഥിതിയേയും സ്നേഹിക്കൂ.......കാരണം അത്‌ നിങ്ങളെ തിരിച്ച്‌ സ്നേഹിക്കുക മാത്രമേ ചെയ്യുന്നുള്ളൂ..........!


Tuesday, 12 August 2014

 കുപ്പി വളകൾ ഉടയുമ്പോൾ............
               
                                പൂന്തേൻ നുകരുന്ന പൂമ്പാറ്റയും, മരച്ചില്ലയുടെ മറവിലൊളിക്കുന്ന സൂര്യനും,  വറ്റികൊണ്ടിരിക്കുന്ന പുഴയും......ഇങ്ങനെ ഒരോ ദൃശ്യങ്ങളും         ക്യാമറകണ്ണിൽ കുടുങ്ങിയപ്പോൾ....... അവയുടെ പ്രദർശനം കാണാൻ    പോയതായിരുന്നു ഞങ്ങൾ. പെട്ടെന്നായിരുന്നു എന്റെ  കണ്ണുകൾ ഏതോ ഒരു ചിത്രത്തിലുടക്കിയത്‌. എന്തൊ മറ്റൊന്നിലേക്കും ശ്രദ്ദിക്കാനാവാത്ത വിധം ആ ദൃശ്യം എന്നെ നിസ്സഹായയാക്കി. നല്ല ചുവപ്പും,  പച്ചയും വർണ്ണങ്ങളുള്ള കുപ്പിവളകൾ നിലത്തു വീണുടയുന്ന ഒരു കാഴ്ച്‌. തീർച്ചയായും ക്യാമറയുടെ എല്ലാ സാങ്കേതികവശങ്ങളും   ഉപയോഗപ്പെടുത്തി ഒരു പ്രതിഭ പകർത്തിയ ചിത്രം. ഇത്രയും ആകർഷിക്കുവാൻ മാത്രം ഇതിലെന്താണുള്ളത്‌? മനസ്സ്‌ ചൊദിച്ചു കൊണ്ടിരുന്നു. ചിലപ്പൊൾ ആ   കലാകാരന്റെ കഴിവിൽ മതിമറന്നിട്ടാകണം. ഇങ്ങനെ ഞാൻ തന്നെ എന്റെ ചൊദ്യങ്ങൾക്കുത്തരം കണ്ടുപിടിച്ചു കൊണ്ടിരുന്നപ്പൊഴും, മനസ്സിനു വല്ലാത്തൊരസ്വസ്ഥത.
                 
                 "ഇങ്ങനെ ഒത്തിരി കുപ്പിവളകൾ ഇന്ന് ഉടഞ്ഞുകൊണ്ടിരിക്കുകയല്ലേ?" സംശയങ്ങൾക്ക്‌ വിരാമമിട്ടു        കൊണ്ടു ആ ചൊദ്യം    എന്നെ പുതിയ എന്നാൽ പണ്ടു മുതൽക്കേ ഉള്ള ഒരു സമസ്യയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. തീർച്ചയായും വർണ്ണവും, കുസൃതിയും, സ്നേഹവും    നിറഞ്ഞ ഒരുപാട്‌ കുപ്പിവളകൾ ഇന്ന്   ഉടഞ്ഞുകൊണ്ടിരിക്കുന്നു.
               
                  ഇടവഴികളിലും, തിരക്കേറിയ പട്ടണങ്ങളിലും, ബസ്സുകളിലും എന്തിനു വീടുകളിൽ പൊലും ഇത്തരം വർണ്ണ കുപ്പിവളകളുടെ നേരെ കൈകളുയരുന്നു. തെളിഞ്ഞ ആകാശം കണക്കെ ശോഭിച്ചിരുന്ന സംസ്കാരത്തിനു മേൽ  അന്ധകാരത്തിന്റെ മറവന്ന് വീണിരിക്കുന്നു.അവിടെ  ഇന്ന്  പോർ വിളികളും,അലമുറയും,അട്ടഹാസവും നിറയുന്നു.
               
                 തലമുറകൾക്ക്‌ ജന്മം നൽകുന്നതിലൂടെ ഒരു സമൂഹത്തിന്റെ പ്രധാനഭാഗമാവുന്ന സ്ത്രീകൾ ഇന്ന് ആർക്കും ഉടയ്ക്കാവുന്ന എടുത്തണിഞ്ഞ്‌ ഊരികളയാവുന്ന കുപ്പിവളകളായിരിക്കുന്നു. അവയുടെ കിലുക്കത്തിന്റെ സ്നേഹവും, കുസൃതിയും തിരിച്ചറിയാനാവാതെ,മനസ്സിലാക്കാൻ ശ്രമിക്കാതെ ഒരു വിഭാഗം കാട്ടു ചെന്നായ്ക്കൾ കുപ്പിവളകളെ തേടിപ്പിടിച്ച്‌ ഉടയ്ക്കുന്നു, കളയുന്നു.

                  തീർച്ചയായും ഇത്തരം അനീതികൾക്കെതിരെ പ്രക്ഷോഭമുയർന്നിട്ടുണ്ട്‌. എന്നാൽ അവയെല്ലാം   മാധ്യമങ്ങളുടെ എക്സ്‌ക്ലുസീവ്‌  (exclusive) വാർത്തകൾക്ക്‌ വേണ്ടിയാണെന്നു മാത്രം, ഒരാഴ്ചയോ അതിനപ്പുറമോ മാത്രം ആയുസ്സുള്ള പാഴ്‌ പ്രകടനങ്ങൾ.
     
                ഇങ്ങനെ പ്രകടനങ്ങൾ യുദ്ധങ്ങൾക്ക്‌ കലാശക്കൊട്ടെന്ന പോലെ നടത്തുമ്പോൾ നാം മനസ്സിലാക്കേണ്ട ഒരു കര്യമുണ്ട്‌ സ്ത്രീ ജനത കൈവരിച്ച സ്വാതന്ത്ര്യവും ഇതിനോടൊപ്പം മണ്ണിലമരുകയാണു.

                ചർച്ചകളും സമരങ്ങളും ഒരിക്കലും ഒരു കാലത്തും ഈ സമസ്യയ്ക്ക്‌  ഒരു പരിഹാരമാവുന്നില്ല. ഇങ്ങനെ എഴുതിവയ്ക്കുന്ന ലേഖനങ്ങളും പരിഹാരമാവുന്നില്ല. ഇവയെല്ലാത്തിന്റെയും ലക്ഷ്യം ഒന്നു മാത്രമാണു നമ്മുടെ  പ്രതിഷേധം അറിയിക്കുക, അല്ല്ലെങ്കിൽ നമ്മുടെ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടുക, അതുമല്ലെങ്കിൽ നിയമത്തെയും, നിയമ വ്യവസ്ഥയേയും പഴിക്കുക. മറുവശത്ത്‌ ഇത്തരം പ്രകടനങ്ങൾ ഒരിക്കലും ഒരു മാറ്റവും സൃഷ്ടിക്കുന്നില്ല, എന്നാൽ കോളിളക്കങ്ങൾക്ക്‌ ജന്മം നൽകുന്നുമില്ല. എന്നാൽ കുറച്ചെങ്കിലും ജനങ്ങളെ ബോധവന്മാരാക്കാൻ കഴിയുന്നുണ്ട്‌ എന്നത്‌ മാത്രമാണു ഉപയോഗം. ഇത്രയും നാളത്തെ നിരീക്ഷണങ്ങൾക്കൊടുവിൽ ഞാൻ മനസ്സിലാക്കിയ കാര്യമാണത്‌. പക്ഷെ ഇത്‌ തീരെ ചെറിയ കാര്യവുമല്ല.

എങ്കിലും കുപ്പിവളകൾ ഉടയ്ക്കുന്ന ഉടയ്ക്കാൻ തുനിയുന്ന  കൈകൾ അതാരുടേതുമാകട്ടെ  ഓർക്കുക ഈ വളപ്പൊട്ടുകൾ ഒരിക്കലും നിങ്ങളുടെ കയ്യിൽ മുറിപ്പാടുകൾ ഉണ്ടക്കാതിരിക്കില്ല. ഉടഞ്ഞ വളപ്പൊട്ടുകൾ എന്നും പ്രതിഷേധത്തിന്റെ ജ്വാലയായി ആളി പടർന്നു കൊണ്ടിരിക്കും. ആ പൊട്ടുകൾ നിങ്ങളിൽ മുറിവുകളുണ്ടാക്കുകയും  ചെയ്യും  ഓർത്തിരുന്നോളൂ................      









Monday, 4 August 2014

   യാത്ര.....
  പാടവും...... നഗരവും ഓരോന്നും കൗതുകത്തോടെ അവൾ നോക്കിയിരുന്നു. ട്രെയിനിന്റെ ജനൽ കമ്പി മുറുകെ                 പിടിച്ച്‌ അവൾ കാണുന്ന കാഴ്ച്ചകൾ അമ്മയ്ക്ക്‌ പറഞ്ഞുകൊടുത്തു. ആദ്യമായിട്ടാണു ഇങ്ങനെ ഒരു ട്രെയിൻ യാത്ര. കടലിൽ തിരമാലകൾ ആഞ്ഞടിക്കും പോലെ അവളുടെ ഉള്ളിൽ ആനന്ദം തിരതല്ലി. ഇരുട്‌ നിറഞ്ഞ കവാടങ്ങൾക്കുള്ളിലൂടെ ട്രെയിൻ നീങ്ങുമ്പോൾ പാവം പേടിച്ചിട്ടാകണം അവൾ ഉച്ചത്തിൽ നിലവിളിച്ചു. അടുത്തുള്ള യാത്രികർ     തെല്ലരിശത്തോടെ അവളെ നോക്കി കണ്ണുമിഴിച്ചു. അവളുടെ നിക്ഷ്കളങ്കമായ ചിരിപോലും അവർ വെറുപ്പോടെ നോക്കി. "മോളെ ഇവിടെ അനങ്ങാതിരിക്കൂ " കരഞ്ഞു കലങ്ങിയ കണ്ണുകൾ ഒന്നുകൂടി സാരിത്തുമ്പു കൊണ്ട്‌ തുടച്ച്‌ ആ അമ്മ             പറഞ്ഞു. പാവം അവരുടെ കണ്ണും മുഖവും കരഞ്ഞ്‌ വീർത്തിരുന്നു. എന്താണിത്ര കരയാനുള്ളത്‌? അറിയില്ല                       എന്നാണുത്തരം.................. 

ട്രെയിൻ ഏതോ ഒരു സ്റ്റേഷനിൽ നിർത്തിയപ്പോൾ അവർ അവളുടെ കൈയ്യും പിടിച്ച്‌ പുറത്തേക്കിറങ്ങി. വീണ്ടും            നീണ്ട സമയത്തെ കാർ യാത്ര. അവസാനം അതും ഒരു വലിയ കവാടത്തിനു മുന്നിൽ നിന്നു. അവർ ആ കവാടത്തിനു മുന്നിൽ   സ്ഥാപിച്ചിരുന്ന ബോർഡ്‌ വായിച്ചു.'സ്വാന്തനം മെന്റൽ കെയർ ബോർഡിംഗ്‌ സെന്റർ ' ഒരു നിമിക്ഷത്തെ നിശബ്ദത അവർ അവളുടെ കൈയ്യും പിടിച്ച്‌ അതിനുള്ളിലേക്ക്‌ കടന്നു. കൗതുകം തിളങ്ങുന്ന കണ്ണുകളോടെ അവൾ ചുറ്റും       നോക്കി. തന്നെ പോലെ ഒരുപാടു പേർ. ചെടിക്കുവെള്ളം നനക്കുന്നു,പാട്ടുപാടുന്നു,ഓടികളിക്കുന്നു.                      അമ്മയുടെ കൈ വിടുവിച്ച്‌ അവളും അവരോടൊപ്പം കൂടി. സ്വാന്തനത്തിന്റെ ഓഫീസ്‌ മുറിയിൽ പണവുമടച്ച്‌ കണ്ണുകൾ പൊത്തി കരഞ്ഞുകൊണ്ട്‌ ഇറങ്ങി ഓടി അവർ കാറിൽ കയറുമ്പോഴും , ഒന്നുമറിയാതെ അവൾ തന്റെ പുതിയ കൂട്ടുകാരുമൊത്ത്‌ കളിക്കുകയായിരുന്നു. ഒരു പൂമ്പാറ്റയെ പോലെ.............................   

Saturday, 26 July 2014

  ജീവിതം പല തരത്തിലാണു..... ചിലപ്പോൾ നമുക്കത്‌ ഒരു കടങ്കഥ പോലെ വിചിത്രമായിരിക്കാം..... അല്ലെങ്കിൽ ഒരു         പഴങ്കഥ പോലെ പരിചിതമായിരിക്കാം... ജീവിതം എന്നും ഗതി മാറ്റി ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു പുഴ പോലെ             അർത്ഥ്ങ്ങളും ആശയങ്ങളും മാറ്റി കൊണ്ടിരിക്കും.... അങ്ങനെ ചില നിമിഷങ്ങളിൽ നമുക്ക്‌ ജീവിതം വ്യർത്ഥമായതു     പോലെ അനുഭവപ്പെടാറുണ്ട്‌...................

           എന്നെ ആരറിഞ്ഞു..?
           എന്നിലെ നോവുകൾ ആരറിഞ്ഞു?
           ഞാനെന്തറിഞ്ഞു..?
           ഞാനെന്ന വാക്കിന്നർത്ഥമറിഞ്ഞോ...?
           ഒന്നുമറിയാതെ ഒന്നിനുമല്ലാതെ  
           ഒരുപാട്‌ നാളുകൾ കഴിച്ചുകൂട്ടി...
           ജീവിതചക്രത്തിൻ വേഗമറിയാതെ...
           ജീവിക്കാനറിയാതെ വെറുതെ ചിരിച്ചും...
           വെറുതെ കരഞ്ഞും...മാലോകരേവരേയും പോലെ
           വെറുതേ ജീവിച്ചു...... ഒന്നിനുമല്ലാതെ...
           ആർക്കും വേണ്ടത്ത ആരേയും വേണ്ടത്ത 
           ആരാലും ശ്രദ്ധിക്ക്പ്പെടാത്ത പാഴ്‌വസ്തുവായ്‌................................

Monday, 7 July 2014

ആമുഖം

ആമുഖം

ഭൂലോകത്തിലെ ഇ - ലോകത്തിൽ എന്റെ ആദ്യ ചുവടുവെപ്പാണിത്‌...
തുണ്ടു കടലാസുകളിലും..മനസ്സിന്റെ കോണുകളിലും.... ഒളിച്ചിരുന്ന ചില ഭാവനകൾ........
അവയിന്നുതൊട്ടു ചിറകടിച്ചുയരാൻ ആരംഭിക്കുകയാണു............


മുട്ട വിരിഞ്ഞു പുറത്തുവരുന്ന ഒരു കുഞ്ഞുകിളിയെ പോലെ ഈ ലോകത്തെ അത്ഭുതത്തോടെ നോക്കുന്ന ഒരു        പെൺകുട്ടിയുടെ ഭാവനകളും ചിന്തകളും നിങ്ങൾക്കും ഇഷ്ട്ടപ്പെടുമെന്നു കരുതുന്നു....................